[ Photo courtesy : X]
ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍ ഭരണകൂടത്തിനെതിരെയും സൈന്യത്തിനെതിയും വൻ പ്രതിഷേധത്തിനും അട്ടിമറി ഭീഷണിക്കും സാദ്ധ്യതയെന്ന് റിപ്പോർട്ട്. അടുത്തിടെ ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച തെഹ്‌രീകെ ലബ്ബെയ്ക് പാക്കിസ്ഥാൻ(ടിഎല്‍പി) എന്ന സംഘടനയും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടൽ ഇതിലേക്കുള്ള വഴിമരുന്നായി മാറുമോ എന്ന് പാക്കിസ്ഥാന്‍ ഭരണകൂടവും സംശയിക്കുന്നു.
ഗാസ സമാധാന കരാറിനെതിരെ പ്രതിഷേധിച്ച ടിഎൽപി അംഗങ്ങളെ പാക് സുരക്ഷാ സേന അതിക്രൂരമായാണ് അടിച്ചമര്‍ത്തിയത്. മുരിദ്‌കെയില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന 40 ടിഎല്‍പി പ്രവര്‍ത്തകരാണ് സുരക്ഷാ സേനയുടെ നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ ഒക്ടോബര്‍ 17-ന് ലാഹോറിലെ ദാതാ ദര്‍ബാറില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടിഎല്‍പി പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാന്‍ താലിബാന്‍ ടിഎല്‍പിയുമായി ബന്ധപ്പെട്ടു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്ന സമയത്താണ് പാക്കിസ്ഥാന്റെ ആഭ്യന്തര വിഷയത്തില്‍ താലിബാന്‍ ഇടപെടുന്നത്. ടിഎല്‍പിക്ക് പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പുറമെയാണ് ബലൂചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമുള്ള പ്രശ്‌നങ്ങള്‍ സങ്കീർണ്ണമാകുന്നത്.
ബലൂചിസ്ഥാന്‍ നാഷണലിസ്റ്റ് ആര്‍മി (ബിഎല്‍എ), തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്നീ ഭീകര സംഘടനകള്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണങ്ങളാണ് തുടര്‍ച്ചയായി നടത്തുന്നത്. അടുത്തിടെ പാക് അധീന കശ്മീരിലും (പിഒകെ) ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിഒകെയിലെയും മുരിദ്‌കെയിലെയും പ്രക്ഷോഭങ്ങളെ പാക് ഭരണകൂടവും സൈനിക നേതൃത്വവും അടിച്ചമര്‍ത്തുകയായിരുന്നു.
ടിഎല്‍പി, ടിടിപി, ബിഎല്‍എ പോലുള്ള സംഘടനകള്‍ മാത്രമല്ല, പാക്കിസ്ഥാനിലെ സാധാരണക്കാരും രാജ്യത്തെ അവസ്ഥയില്‍ രോഷാകുലരാണ് എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതും അറസ്റ്റ് ചെയ്തതും ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയ പ്രധാന സംഭവമാണ്. ഇതിന് പുറമെ വര്‍ദ്ധിച്ച് വരുന്ന വിലക്കയറ്റവും സാമ്പത്തിക പ്രശ്‌നങ്ങളും ജനങ്ങളുടെ ഭരണകൂടശത്രുതക്ക് വഴിവെച്ചിട്ടുണ്ട്.
അഫ്ഗാന്‍ താലിബാന്‍ ടിഎല്‍പിയുമായി ബന്ധപ്പെട്ടതോടെ, എല്ലാ ഭരണകൂട വിരുദ്ധ ശക്തികളും പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഒന്നിക്കുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാനിലെ ആഭ്യന്തര കലാപങ്ങളെ ഇന്ത്യ സസൂഷ്മം നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാനിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്കും സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നതിനാലാണ് ജാഗ്രത പാലിക്കുന്നത്.
