[Photo courtesy : PTI/X]
പട്‌ന : മധുബന്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ മദന്‍ ഷാ ഒരു സീറ്റേ ചോദിച്ചുള്ളൂ. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവായിട്ടും പാർട്ടി നേതൃത്വം അത് നിഷേധിച്ചു. പിന്നെ കണ്ടത് മദന്‍ ഷായുടെ ദയനീയ ചിത്രം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവിന്റെ വീടിന് പുറത്ത് പൊട്ടിക്കരഞ്ഞും നിലത്ത് വീണ് കിടന്ന് ഉരുണ്ടും കുപ്പായം വലിച്ചുകീറിയും വികാരപ്രകടനം നടത്തുന്ന മദന്‍ ഷായുടെ ദൃശ്യങ്ങൾ
സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയാവാൻ പണംകൊടുക്കാന്‍ തയ്യാറാകാത്തതാണ് തനിക്ക് അവസരം നിഷേധിക്കപ്പെട്ടതെന്ന ഗുരുതര ആരോപണവും മദന്‍ ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തരാമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പുതന്നിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് യാദവ് 2.7 കോടി രൂപ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് നല്‍കാതിരുന്നതോടെ മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് മദന്‍ ഷായുടെ ആരോപണം.
ലാലു പ്രസാദ് യാദവ് പട്‌നിലെ തന്റെ വസതിയിലേക്ക് കാറില്‍ പോകവേ മദന്‍ ഷാ പിന്നാലെ ഓടിച്ചെല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അവിടെനിന്ന് പിടിച്ചുമാറ്റുകയും ചെയ്തു.