[ Photo : Symbolic image ]
തിരുവനന്തപുരം : മെഡിക്കൽ എമർജൻസിയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി സൗദിയ എയർലൈൻസ് വിമാനം. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്ക് പോകുകയായിരുന്ന സൗദിയ എയർലൈൻസ് വിമാനമാണ് യാത്രക്കാരന് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗിന് അനുമതി തേടിയത്.
വൈകുന്നേരം 7.00 മണിയോടെ വിമാനം സുരക്ഷിതമായി ഇറക്കി. ലിയാ ഫത്തോന (37) എന്ന ഇന്തോനേഷ്യൻ പൗരനെ ഉടൻ തന്നെ ചികിത്സയ്ക്കായി അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.നെഞ്ചുവേദനയുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരൻ നിലവിൽ എമർജൻസി യൂണിറ്റിൽ ചികിത്സയിലാണെന്നും ഇസിജി, രക്തപരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകൾ നടക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അസുഖ ബാധിതനായ യാത്രക്കാരനെ മെഡിക്കൽ ടീമിനെ ഏൽപ്പിച്ച ശേഷം രാത്രി 8.30 ന് വിമാനം മദീനയിലേക്കുള്ള യാത്ര തുടർന്നു. വിമാനത്തിൽ 395 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.