ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യത്തിലേക്ക് എത്തുമെന്ന സൂചന നൽകി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇതിനോട് ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നീതിയുക്തവും തുല്യവുമായ ഒരു കരാറിൽ ഇരുപക്ഷത്തിനും ഉടനെത്താൻ കഴിയുമെന്ന് പിയൂഷ് ഗോയൽ പ്രതീക്ഷ പ്രകടിപ്പിച്ചു.
ബെർലിനിൽ ദൂരദർശനോട് സംസാരിക്കവെയാണ് പിയൂഷ് ഗോയലിൻ്റെ വെളിപ്പെടുത്തൽ. അടുത്തിടെ വാണിജ്യ സെക്രട്ടറി യുഎസ് സന്ദർശിക്കുകയും വിഷയത്തിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% ഉയർന്ന താരിഫ് (ചുങ്കം) ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴിമുട്ടി നിന്നത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയ 25% അധിക തീരുവ ഉൾപ്പെടെ ഇതിന് ബലമേകുകയും ചെയ്തു. അമേരിക്കയുടെ ഈ നടപടിയെ അന്യായവും, നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നാണ് ഇന്ത്യ അന്ന് വിശേഷിപ്പിച്ചത്.
പിന്നീട് വീണ്ടും വ്യാപാര ചർച്ചകൾ സജീവമാകുന്നത് സെപ്റ്റംബർ 16-ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ന്യൂഡൽഹിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്. നിലവിലെ 191 ബില്യൺ ഡോളറിൽ നിന്ന് 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി വർദ്ധിപ്പിക്കാനാണ് പുതിയ കരാർ ലക്ഷ്യമിടുന്നത്.
