മുംബൈ : ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അപ്രതീക്ഷിതമായി മോശമായതിനെ തുടർന്നാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂറും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും.
വിഷയത്തിൽ, ധർമേന്ദ്രയുടെ ഭാര്യയും എംപിയുമായ ഹേമ മാലിനി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടായ എക്സിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ – “ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ധരം ജിയെക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്, ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും വേഗത്തിലുള്ള രോഗശാന്തിക്കുമായി പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”
ധർമേന്ദ്രയെ അസുഖ വിവരമറിഞ്ഞ് നിരവധി ബോളിവുഡ് താരങ്ങളാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തുന്നത്. സൂപ്പർസ്റ്റാറുകളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും ഉൾപ്പെടെയുള്ള താരങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചു.
