ദുബൈ : ദുബൈ എയർ ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചതായി ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:10 നാണ് അപകടം. .
ദുബൈ വേൾഡ് സെൻട്രലിലെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കൂട്ടം കാണികൾ നോക്കിനിൽക്കെ പെട്ടെന്ന് കറുത്ത പുക ഉയരുകയും പിന്നാലെ വിമാനം താഴേക്ക് ഇടിച്ചിറങ്ങി തീഗോളമാവുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങിയ കാഴ്ചക്കാർ ഇത് കണ്ട് പരിഭ്രാന്തരായി. അപകടത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങിയ കാഴ്ചക്കാരെ ഇത് പരിഭ്രാന്തരാക്കി.
2010 കളുടെ മദ്ധ്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തായെത്തിയ തേജസ് ഇത് രണ്ടാം തവണയാണ് അപകടത്തിൽ പെടുന്നത്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം മറ്റൊരു തേജസ് യുദ്ധവിമാനം തകർന്നുവീണിരുന്നു. അന്ന് പക്ഷെ, പൈലറ്റിന് സുരക്ഷിതമായി പുറത്തേക്ക് ചാടി രക്ഷപ്പെടാനായി.
എയറോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസി രൂപകൽപ്പന ചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച തേജസ്, വിദേശ എഞ്ചിൻ ഉപയോഗിച്ചാണെങ്കിലും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനമാണ്. ഇന്ത്യൻ വ്യോമസേന നിലവിൽ തേജസ് യുദ്ധവിമാനത്തിന്റെ Mk1 വേരിയൻ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്. Mk1A വേരിയൻ്റ് ഉടൻ പ്രവർത്തനക്ഷമമാകാനുള്ള കാത്തിരിപ്പിലാണ്.
