മലപ്പുറം : പി വി അൻവറിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 7.30 ന് ആരംഭിച്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയായത് രാത്രി 9.30 ന്. ഇഡി വന്നത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് പി വി അൻവർ പറഞ്ഞു. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പിശോധന നടത്തി. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കെഎഫ്സി വായ്പയുമായി ബന്ധപ്പെട്ട് വിജിലന്‍സും അന്‍വറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തിരിമറി നടത്തി എന്നായിരുന്നു വിജിലന്‍സിന് മുന്‍പാകെ എത്തിയ കേസ്.
ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണ്. ഈയ്യിടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
