[ Photo Courtesy : AIR/X]
ന്യൂഡൽഹി : ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സ്ഥാനമേറ്റെടുക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുക്കും. രാവിലെ 9.15നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ചരിത്രത്തിൽ ആദ്യമായി ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ എത്തുമെന്നാണ് വിവരം. ഹരിയാനയിലെ ഹിസാർ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. ഹരിയാനയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയാണ്. കേരളത്തിലെ എസ്ഐആർ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
സുപ്രിം കോടതി ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. ഇതിനായി കൂടൂതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടി കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറയുന്നു. സുപ്രീം കോടതിയിൽ കെട്ടി കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനം എടുക്കാൻ കഴിയാത്തവയ്ക്ക് പ്രഥമ പരിഗണന ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനം എടുക്കും കോർപ്പറേറ്റ് കേസുകളിൽ മദ്ധ്യസ്ഥതയ്ക്ക് ഊന്നൽ നൽകും നിയമരംഗത്ത് എഐ ഉപയോഗത്തിൽ ശ്രദ്ധ ചെലുത്തും.
ഒക്ടോബർ 30 നാണ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്സിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ദ്രൗപദി മുർമ്മു പുറത്തിറക്കിയത്. 2027 ഫെബ്രുവരി 9 വരെയെണ് അദ്ദേഹത്തിന്‍റെ കാലാവധി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്.
ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10 നാണ് അദ്ദേഹം ജനിച്ചത്. അദ്ധ്യാപകനായിരുന്നു പിതാവ്. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സൂര്യകാന്ത്, 1984 ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡിഗഡിലേക്ക് അദ്ദേഹം മാറി. 38 -ാം വയസ്സിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതല ഏറ്റു. 2004 ൽ അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2011 ൽ സൂര്യകാന്ത്, കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നീണ്ട 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹത്തെ 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. 2019 മെയ് 24 നാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.
