[Photo Courtesy : ICC/X]
മുംബൈ : 2026 ട്വൻ്റി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി ചെയര്മാന് ജയ്ഷായാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെൻ്റ് ഫെബ്രുവരി ഏഴിന് ആരംഭിച്ച് മാര്‍ച്ച് എട്ടിന് അവസാനിക്കും.
ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലിൽ കളിക്കാൻ പാക്കിസ്ഥാന് യോഗ്യത നേടിയാല്‍ കൊളംബോ ആയിരിക്കും വേദി.

ഇന്ത്യയില്‍ അഞ്ചും ശ്രീലങ്കയില്‍ മൂന്നും വേദികളിലാണ് കളി നടക്കുക. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സ്, ചെന്നൈ ചിദംബരം സ്റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം, മുംബൈ വാംഖഡെ സ്റ്റേഡിയം എന്നിവയാണ് ഇന്ത്യയിലെ വേദികൾ. ശ്രീലങ്കയിലേത് പല്ലകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയം, കൊളംബോയിലെത്തന്നെ സിന്ഹെയ്ലിസ് സ്പോര്‍ട്സ് ക്ലബ് എന്നിവയും.
ഫെബ്രുവരി ഏഴിന് പാക്കിസ്ഥാനും നെതര്‍ലന്‍ഡ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. വേദി കൊളംബോ. ഫെബ്രുവരി ഏഴിന് തന്നെ മുംബൈയില്‍ യുഎസ്എയുമായി ഇന്ത്യയുടെ ആദ്യ മത്സരവും നടക്കും
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ മത്സരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് ഏഴുമണിക്കാണ് മത്സരം. 12-ന് ഡല്‍ഹിയില്‍ നമീബിയയുമായും 15-ന് കൊളംബോയില്‍ പാക്കിസ്ഥാനുമായും 18-ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്സുമായുമാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ. 2024 ട്വൻ്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ബ്രാന്‍ഡ് അംബാസഡര്‍.
