വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വിശാഖപട്ടത്തെ മൂന്നാമത്തേയും അവസാനത്തേയും ഏകദിന മത്സരം ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം ഇന്ത്യ കരസ്ഥമാക്കിയതോടെ 2-1ന് പരമ്പരയും സ്വന്തം. ദക്ഷിണാഫ്രിക്ക മുന്നോട്ടു വെച്ച 271 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ 61 പന്തുകൾ ബാക്കി നിർത്തി ഇന്ത്യ മറികടന്നു.
ഓപ്പണർമാരായി ഇറങ്ങിയ യശസ്വി ജയ്സ്വാൾ ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറിയും രോഹിത് ശർമ അർദ്ധശതകവും നേടി മുന്നേറിയ ഇന്ത്യൻ ഇന്നിംഗ്സിന് അസാമാന്യ ഫോമിലുള്ള വിരാട് കോഹ്ലിയുടെ അർദ്ധ സെഞ്ചുറി കൂടി ചേർത്തു വെയ്ക്കാനായതോടെ ഇന്ത്യൻ ജയം അനായാസമായി. . ആദ്യ രണ്ട് ഏകദിനങ്ങളിലും സെഞ്ചുറി നേടിയ വിരാട് കോഹ്ലി മൂന്നാമത്തേതിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി തകർത്തടിച്ച് ഇന്ത്യയുടെ ജയം വേഗത്തിലാക്കി.
39ാം ഓവറിലെ രണ്ട് പന്തുകൾ തുടരെ ബൗണ്ടറി കടത്തിയാണ് കോഹ്ലി ഇന്ത്യൻ വിജയം ഉറപ്പിച്ചത് . വിമർശകർക്കെതിരായ കോഹ്ലിയുടെ കടുത്ത മറുപടി കൂടിയായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര. 45 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 65 റൺസോടെ കോഹ്ലി പുറത്താവാതെ നിന്നു.
ഗില്ലിന്റെ അഭാവത്തിൽ ഓപ്പണിങ്ങിൽ അവസരം ലഭിച്ച യശസ്വിക്ക് വിശാഖപട്ടണത്ത് അത് മുതലാക്കാനായി. 121 പന്തിൽ നിന്ന് യശസ്വി 116 റൺസ് നേടി പുറത്താവാതെ നിന്നു. 12 ഫോറും രണ്ട് സിക്സുമാണ് യശസ്വിയുടെ ബാറ്റിൽ നിന്ന് പിറന്നു. 73 പന്തിൽ നിന്ന് 75 റൺസ് എടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഏഴ് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് ഡികോക്കിന്റെ സെഞ്ചുറിയാണ്. 89 പന്തിൽ നിന്ന് 106 റൺസാണ് ഡികോക്കിൻ്റെ സംഭാവന. ക്യാപ്റ്റൻ
ബവുമ 48 റൺസ് എടുത്തു. ഇന്ത്യക്കായി കുൽദീപും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
