പാലക്കാട് : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയോട് പാലക്കാട് താമസിക്കുന്ന ഫ്ലാറ്റ് ഒഴിയണമെന്ന് ഓണേഴ്സ് അസോസിയേഷൻ. മറ്റ് താമസക്കാർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ രാഹുലിന് നോട്ടീസ് നൽകിയത്. ഈ മാസം 25 നകം ഒഴിയണമെന്നാണ് അസോസിയേഷന്റെ നിര്‍ദ്ദേശം. ഉടന്‍ ഒഴിയുമെന്ന് രാഹുലും അറിയിച്ചിട്ടുണ്ട്.
ഗർഭഛിദ്രത്തിന് നിർബ്ബന്ധിച്ചു, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു എന്നീ കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 15 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം പാലക്കാട് കുന്നത്തൂർമേടിലെത്തി വോട്ട് ചെയ്തിരുന്നു. മണ്ഡലത്തില്‍ സജീവമാകാൻ തീരുമാനിച്ച രാഹുൽ, എംഎല്‍എ ഓഫീസിലെത്തി പാലക്കാട്ടെയും മാത്തൂരിലേയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കണ്ടു.
രാഹുല്‍ ഇന്ന് അടൂരിലേക്ക് തിരിക്കുമെന്നാണ് വിവരം. രാഹുലിന്റെ നീക്കങ്ങള്‍ പ്രത്യേക അന്വേഷണ സംഘവും നിരീക്ഷിച്ചുവരികയാണ്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തിലെത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു രാഹുല്‍ പാലക്കാട് വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്ത് ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാഹുല്‍ എല്ലാം കോടതിക്ക് മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും പറഞ്ഞു. എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
