മലയാളത്തിൻ്റെ ശ്രീക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം

Date:

കൊച്ചി : മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന്റെ സംസ്ക്കാരം  ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം. ഉദയംപേരൂർ ഞായറാഴ്ച 12 മണിയോടെയാണ് ഭൗതികദേഹം സംസ്‌ക്കരിച്ചത്. മകൻ വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ പകർന്നത്. സംസ്ക്കാര ചടങ്ങിൽ മലയാള തമിഴ് സിനിമാ- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

സത്യൻ അന്തിക്കാടും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർക്കാഴ്ച കൂടിയായിരുന്നു പ്രിയ സുഹൃത്തിന്റെ അന്ത്യയാത്ര. ശ്രീനിവാസന്റെ ഭൗതികദേഹം ചിതയിലേക്ക് വെക്കുന്നതിന് തൊട്ടുമുൻപായി ഒരു പേനയും പേപ്പറും സത്യൻ അന്തിക്കാട് സമർപ്പിച്ചു. “എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ” എന്നായിരുന്നു സത്യൻ അന്തിക്കാട് കുറിച്ചിരുന്നത്. വിതുമ്പിക്കൊണ്ടാണ് സത്യൻ അന്തിക്കാട് പേനയും പേപ്പറും സമർപ്പിച്ചത്.

എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി രാജീവ്, മമ്മൂട്ടി, മോഹന്‍ലാല്‍, സത്യൻ അന്തിക്കാട്, രജ്ജി പണിക്കർ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ശ്രീനിവാസന്‍.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തില്‍, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ല്‍ ജനിച്ച ശ്രീനിവാസന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം, 1977-ല്‍ മദ്രാസ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടി. പ്രശസ്ത നടന്‍ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1984-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേര്‍ക്കുന്നത്. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍പ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു. ഹാസ്യത്തിന് മലയാള സിനിമയിൽ പുതിയൊരു തലം  നൽകിയതിൽ ശ്രീനിവാസൻ്റെ പങ്ക് വിലപ്പെട്ടതാണ്.

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ശ്രീനിവാസന്‍. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിങ്ങനെ ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടു സിനിമകളും മലയാളിക്ക് അപൂര്‍വ്വ അനുഭവമായിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന...

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...