മുംബൈ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) 44 സീറ്റുകളിൽ ഒതുങ്ങി. 288 മുനിസിപ്പൽ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയായ മഹായുതി സഖ്യം ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. ബിജെപി, ശിവസേന (ഏകനാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) എന്നിവരടങ്ങുന്ന സഖ്യം 207 മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങൾ കരസ്ഥമാക്കി
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ കണക്കുകൾ പ്രകാരം 117 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. ഏകനാഥ് ഷിൻഡെയുടെ ശിവസേന 53 സീറ്റുകളും അജിത് പവാർ പക്ഷം എൻസിപി 37 സീറ്റുകളും സ്വന്തമാക്കി.
80 സീറ്റുകളിൽ മത്സരിച്ച അജിത് പവാർ പക്ഷം എൻസിപി മികച്ച പ്രകടനമാണ് നടത്തിയത്. പ്രത്യേകിച്ച് പുനെ ജില്ലയിൽ പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്ന പ്രകടനമാണ് കണ്ടത്. ജില്ലയിലെ 17 മുനിസിപ്പൽ അധ്യക്ഷ സ്ഥാനങ്ങളിൽ 10 എണ്ണവും അജിത് പവാർ പക്ഷം നേടിയത് പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നു. പ്രതിപക്ഷ നിരയിൽ കോൺഗ്രസിന് 28 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 9 സീറ്റിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 7 സീറ്റിലും ഒതുങ്ങി.
ഡിസംബർ 2, 20 തീയതികളിലായി നടന്ന രണ്ട് ഘട്ട വോട്ടെടുപ്പിൽ 286 സീറ്റുകളിലാണ് മത്സരം നടന്നത്. രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും ചെറിയ പ്രാദേശിക പാർട്ടികളും ബാക്കി സീറ്റുകളിൽ വിജയം കണ്ടെത്തി.
മഹായുതിയുടെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന രാഷ്ട്രീയത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ചു. ബിജെപിയിലും മഹായുതിയിലും വിശ്വാസമർപ്പിച്ച മഹാരാഷ്ട്രയിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഭരണകൂടത്തിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന അജണ്ടയുമാണ് ഇത്ര വലിയ വിജയത്തിലേക്ക് മഹായുതിയെ എത്തിച്ചതെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
