ഭോപ്പാൽ : കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്ത് കുത്തിപ്പിടിച്ച് അധിക്ഷേപവുമായി ബിജെപി നേതാവ്. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ബിജെപി നേതാവിൻ്റെ ആക്രമണം. ശനിയാഴ്ച
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഗൊരഖ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ വെച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചതും കൈയ്യേറ്റം ചെയ്തതും. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് അധിക്ഷേപവും കൈയ്യേറ്റവും പുറത്തറിയുന്നത്. .
ജബൽപൂരിൽ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാർഗവയാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ചത്. പോലീസുകാർ നോക്കി നിൽക്കവെയാണ് അഞ്ജു ഭാർഗവയുടെ യുവതിക്ക് നേരെയുള്ള കയ്യേറ്റം. വീഡിയോ വൈറലായതിന് പിന്നാലെ അഞ്ജു ഭാർഗവക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്.
പണം കിട്ടാനായി ബിസിനസ് നടത്തുകയാണ് മതപരിവർത്തനത്തിലൂടെ എന്നാണ് പ്രധാനമായുള്ള ആരോപണം. കയ്യേറ്റം ചെയ്യാതെ മര്യാദയ്ക്ക് സംസാരിക്കാൻ യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളും ബിജെപി വനിതാ നേതാവ് നടത്തുന്നുണ്ട്. ഞെട്ടിക്കുന്ന വീഡിയോ എക്സിൽ കോൺഗ്രസ് ദേശീയ ചെയർപേഴ്സൺ കൂടിയായ സുപ്രിയ ശ്രീനാഥെയാണ് പങ്കുവച്ചത്.
