ന്യൂഡൽഹി : എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെയാണ് തീരുമാനം. സദാനന്ദ് ദതെ ഇനി മഹാരാഷ്ട്രയിൽ പുതിയ പോലീസ് മേധാവിയായി ചുമതലയേറ്റേക്കും. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരർക്കെതിരെ ധീരമായി പൊരുതിയ പോലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ൽ ഭീകരാക്രമണം നടന്നപ്പോൾ മുംബൈ അഡീഷണൽ പോലീസ് കമ്മീഷണറായിരുന്നു അദ്ദേഹം. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ കാമ ആശുപത്രിയിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നിട്ടും ഭീകരരോട് പൊരുതിയ അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു.
മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ ദതെ. മുൻപ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു ഇദ്ദേഹം.
2024 മാർച്ചിലാണ് സദാനന്ദ് ദതെയെ എൻഐഎ ഡയറക്ടർ ജനറലായി കേന്ദ്രസർക്കാർ നിയമിച്ചത്. ഇപ്പോൾ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിൻ്റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതം മൂളിയതോടെയാണ് സദാനന്ദ ദതെ തിരികെ വരുന്നത്. മഹാരാഷ്ട്രയിൽ പോലീസ് സേനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം എന്നും റിപ്പോർട്ടുണ്ട്.
