കൊച്ചി : സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിൽ താപനില കുറയുന്നു. പകലും രാത്രിയും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. മലയോര ജില്ലകളിൽ 10 ഡിഗ്രിക്ക് താഴെയാണ് താപനില..ഇടുക്കി ജില്ലയിലെ വിവിധ തോട്ടം മേഖലകളിൽ ഡിസംബർ 23 ന് താപനില പൂജ്യംഡിഗ്രിക്ക്താഴെയെത്തി. മൂന്നാറിലെ തോട്ടം മേഖലയായ ലെച്ച്മി സെക്ഷനിൽ മൈനസ് ഒന്ന് ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
സീസണിലെ ഏറ്റവും കുറഞ്ഞ താപനില എന്ന റെക്കോർഡിലേക്കാണ് ലെച്ച്മി സെക്ഷൻ എത്തിയിരിയ്ക്കുന്നത്. സൈലന്റ് വാലി, ചെണ്ടുവരൈ എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. ഇവിടങ്ങളിലെ പുൽമേടുകളിലും തേയിലത്തോട്ടങ്ങളിലും മഞ്ഞുവീഴ്ച ശക്തമാണ്.
മൂന്നാറിലെ തന്നെ മറ്റ് പ്രദേശങ്ങളിലും തണുപ്പ് അതിശക്തമാണ്. സെവൻമലേ സെക്ഷനിലും നല്ലതണ്ണിയിലും ഒരു ഡിഗ്രി സെൽഷ്യസാണ് താപനില. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദേവികുളത്ത് രണ്ട് ഡിഗ്രിയും മാട്ടുപ്പെട്ടിയിൽ നാല് ഡിഗ്രിയും താപനില താഴ്ന്നു. മൂന്നാർ ടൗണിൽ താരതമ്യേന ഭേദപ്പെട്ട 6.6 ഡിഗ്രിയാണ് താപനിലയെങ്കിലും സമീപ പ്രദേശങ്ങളിലെ കടുത്ത തണുപ്പ് ടൗണിലും അനുഭവപ്പെടുന്നുണ്ട്. തണുപ്പ് ആസ്വദിക്കാനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വലിയ ഒഴുക്ക് തുടരുകയാണ്. തേയിലത്തോട്ടങ്ങൾ മഞ്ഞ് പുതച്ചുകിടക്കുന്ന കാഴ്ച സഞ്ചാരികൾക്ക് കൗതുകമാകുന്നുണ്ടെങ്കിലും തോട്ടം തൊഴിലാളികൾക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
വയനാട് ജില്ലയും തണുപ്പിൽ വിറങ്ങിലിച്ച് നിൽക്കുകയാണ്. കബനിഗിരിയിൽ 11.1 ഡിഗ്രിയും ജില്ല ആസ്ഥാനമായ കൽപ്പറ്റയിൽ 12.3 ഡിഗ്രിയുമാണ് കുറഞ്ഞ താപനില. കാരാപ്പുഴയിലാകട്ടെ, 12 ഡിഗ്രി രേഖപ്പെടുത്തി. ഇടുക്കിയിലെ തന്നെ അയ്യപ്പൻകോവിൽ (11.8 ഡിഗ്രി), ആനയിറങ്കൽ ഡാം (12.6 ഡിഗ്രി), പാമ്പാടുംപാറ (14.3 ഡിഗ്രി) എന്നിവിടങ്ങളിലും ശൈത്യത്തിന് കുറവില്ല.
വടക്കൻ കേരളത്തിൽ കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ 15.2 ഡിഗ്രിയും മുളിയാറിൽ 18 ഡിഗ്രിയുമാണ് താപനില. കണ്ണൂരിലെ ആറളത്ത് 17 ഡിഗ്രിയും ചെറുവാഞ്ചേരിയിൽ 17.3 ഡിഗ്രിയുമാണ് കുറഞ്ഞ താപനില. വരും ദിവസങ്ങളിലും അന്തരീക്ഷം തെളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ താപനില ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. തണുപ്പ് കടുക്കുന്ന സാഹചര്യത്തിൽ വയോധികരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
