തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനോട് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് സ്ഥലം കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎയെ ഫോണിൽ വിളിച്ച് കൗൺസിലർ ആവശ്യം ഉന്നയിച്ചത് പുതിയ വിവാദത്തിനാണ് വഴിവെച്ചത്. ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകകാലാവധി കഴിയുന്നതുവരെ അവിടെ തുടരുമെന്നുമാണ് പ്രശാന്ത് നിലപാട് വ്യക്തമാക്കിയത്.
ഇതേ കെട്ടിടത്തിൽ കൗൺസിലറുടേതായി പ്രവർത്തിക്കുന്ന ഓഫീസ് മുറി ചെറുതാണെന്നും സൗകര്യങ്ങൾ പോരെന്നും അതിനാൽ, എംഎൽഎ ഓഫീസ് ആയി പ്രവർത്തിക്കുന്ന മുറി ഒഴിഞ്ഞുതരണം എന്നുമായിരുന്നു ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്. എന്നാൽ, മുൻപ് ഇവിടെയുണ്ടായിരുന്ന ബിജെപി കൗൺസിലർക്ക് ഉണ്ടാകാത്ത എന്ത് തിടുക്കമാണ് ശ്രീലേഖയ്ക്കുണ്ടായതെന്നാണ് എംഎൽഎ ചോദിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ ഞായറാഴ്ച രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പ്രതികരണങ്ങൾക്ക് ശേഷം ശ്രീലേഖ എംഎൽഎ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടു. തങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് മടങ്ങിയത്. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കാലാവധി തീരും വരെ ഒഴിയില്ലെന്നും അതിന് ശേഷം കൗൺസിലിന് തുടരണമോ എന്ന് തീരുമാനമെടുക്കാമെന്നും പ്രശാന്ത് എം എംഎൽഎ പറഞ്ഞു.
