തിരുവനന്തപുരം : ”ജനഗണമംഗള” – ദേശീയഗാനം ഞങ്ങൾ ഇങ്ങനെയെ ചൊല്ലൂ എന്ന വാശിപിടിച്ചവരെപോലെയാണ് കോൺഗ്രസ് നേതാക്കൾ. കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിനിടെ ദേശീയ ഗാനം തെറ്റിച്ചുപാടി വീണ്ടും അമ്പരപ്പിച്ചുകളഞ്ഞു നേതാക്കൾ. ‘ജനഗണമന’ എന്നുള്ളത് ‘ജനഗണമംഗള’ എന്ന് വനിതാ നേതാവ് പാടിയത് തെറ്റ് തിരുത്താതെ അതേപടി അനുകരിച്ച് പാടി നേതാക്കളും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍ മുതൽ പി സി വിഷ്ണുനാഥ് വരെയുള്ളവർ ഏറ്റുപാടിയത് ഇത്തരം തെറ്റായ രീതിയിൽ.
മുൻപ്, തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തിൽ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി നിർത്തുകയും വിമർശിക്കുകയും ചെയ്തവർ ഇക്കൂട്ടത്തലുണ്ടായിരുന്നു എന്നതും ഏറെ കൗതുകം! കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിണഞ്ഞ അബദ്ധം സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുന്നുണ്ട്.
