തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമോപദേശം തേടുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് മോശം സന്ദേശം നൽകുന്നതാണെന്നും വിഷയം എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിയ്ക്കുമെന്നും സ്പീക്കർ പറഞ്ഞു.
മൂന്നാമത്തെ ലൈംഗിക പീഢന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്. ക്രൂരമായ ബലാത്സംഗവും നിർബ്ബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മൂന്നാമത്തെ പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന. ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
ഞായറാഴ്ച പുലർച്ചെ പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയം കൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തശേഷമാണ് അന്വേഷണസംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശ്വപത്രിയിൽ എത്തിച്ചപ്പോൾ കനത്ത പ്രതിഷേധമാണ് ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരിൽ നിന്നുണ്ടായത്.
