പത്തനതിട്ട : മൂന്നാം ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെയാണ് രാഹുലിനെ മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയത്. മാവേലിക്കര സബ് ജയിലിലേക്കാകും രാഹുലിനെ മാറ്റുക. ഐപിസി 376, 506 വകുപ്പുകളാണ് രാഹുലിന് മേൽ ചുമത്തിയിട്ടുള്ളത്.
പ്രതി നിയമസഭാ സാമാജികനും ഉന്നതരാഷ്ട്രീയ ബന്ധമുള്ളയാളുമാണെന്നതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ ഭീഷണിപ്പെടുത്താനും അപായപ്പെടുത്താനും ശ്രമിച്ചേക്കാമെന്നും പറയുന്നു. . പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം കെെമാറാൻ വിസമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ളത്. അതിക്രൂരമായ ബലാത്സംഗമാണ് നേരിട്ടതെന്നും സാമ്പത്തികമായും വലിയരീതിയിൽ ചൂഷണംചെയ്‌തെന്നും പരാതിയിൽ ആരോപിക്കുന്നു. വിവാഹബന്ധത്തിൽ പ്രശ്‌നമുണ്ടായ ഘട്ടത്തിലാണ് രാഹുൽ സൗഹൃദം സ്ഥാപിച്ചത്. സാമൂഹികമാധ്യമം വഴി ചാറ്റിങ് പതിവായി. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നേരിട്ടുകാണാമെന്ന് രാഹുൽ പറഞ്ഞു. പുറത്തുവെച്ച് കാണാമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഹോട്ടൽമുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കി. മുഖത്തടിയ്ക്കുകയും തുപ്പുകയും ചെയ്തു.
വിവാഹംചെയ്‌തോളാമെന്ന് വാഗ്ദാനംചെയ്ത ശേഷം താനുമായുള്ള ബന്ധം അകലാതിരിക്കാൻ ഒരു കുഞ്ഞുവേണമെന്ന് രാഹുൽ.ആവശ്യപ്പെട്ടു. അതിനായി നിർബന്ധിച്ചു. എന്നാൽ, ഗർഭിണിയായപ്പോൾ രാഹുലിന്റെ സ്വഭാവം മാറി. മറ്റൊരാളുടെ ഗർഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചു. ഗർഭം രാഹുലിന്റേതാണെന്ന് തെളിയിക്കാൻ താൻ മെഡിക്കൽ ഏജൻസിയെ സമീപിച്ചു. ഡിഎൻഎ സാമ്പിളിനായി രാഹുലിനെ സമീപിച്ചെങ്കിലും രാഹുൽ അതിന് തയ്യാറായില്ല. ഇതിനിടെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഗർഭം അലസിപ്പോയി. സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകുമെന്ന് അടുത്തിടെ രാഹുലിനെ അറിയിച്ചിരുന്നു. എന്നാൽ, വലിയ ഭീഷണിയാണ് നേരിടേണ്ടിവന്നത്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. സാമ്പത്തികമായും തന്നെ വലിയ രീതിയിൽ ചൂഷണംചെയ്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വിലകൂടിയ വാച്ചും ചെരിപ്പും വസ്ത്രങ്ങളും വാങ്ങാൻ പണം ആവശ്യപ്പെട്ടു. ചെരിപ്പിന് പതിനായിരം രൂപ വരെയാണ് നൽകിയതെന്നും പരാതിക്കാരി ആരോപിക്കുന്നു.
