കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നും ജില്ലയുടെ സന്തുലിത വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും ജമാ അത്ത് ആവശ്യപ്പെട്ടു. മാധ്യമസമ്മേളനത്തിലാണ് കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്. കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയിൽനിന്ന് ലഭിച്ചത് ഉൾപ്പെടെയുള്ള ജനകീയാവശ്യങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറും. മലപ്പുറം ജില്ലയിലും വിഭജനം വേണമെന്ന ആവശ്യം പ്രസക്തമാണ്.
എറണാകുളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുക, യുവതലമുറയെ തകർക്കുന്ന ലഹരിമാഫിയയെ തടയുക, പെരിയാറിനെ മലിനീകരണത്തിൽനിന്ന് രക്ഷിക്കുക, കളമശ്ശേരിയിലെ ഗവ. മെഡിക്കൽ കോളേജിലെഅപര്യാപ്തതകൾ ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ജമാഅത്ത് മുന്നോട്ടുവെച്ചു.
കേരളയാത്രയുടെ ഉപനായകൻമാരായ സയിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദു റഹ്‌മാൻ സഖാഫി, കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി സി.പി. സൈതലവി മാസ്റ്റർ, ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എച്ച്. അലി ദാരിമി, സെക്രട്ടറി സി.ടി. ഹാശിം തങ്ങൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
