തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിനേയും എസ്ഐടി അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്ഐടിയും മജിസ്ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശബരിമല സ്വർണ്ണപ്പാളിക്കേസിലാണ് ശങ്കരദാസ് പ്രതിയായത്. .
ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. മകൻ പോലീസ് ഓഫീസർ ആയതിനാൽ കേസിൽ പ്രതിയായത് മുതൽ ശങ്കരദാസ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് നടത്തിയിരുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ്. ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് വിവരം. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്
ശങ്കരദാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നത്. ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. മാനസികമായും ശാരീരികമായും സമ്മർദം താങ്ങാനാകുന്ന അവസ്ഥയിലല്ല ആരോഗ്യസ്ഥിതിയെന്നാണ് പ്രതിഭാഗം ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
