പത്തനംതിട്ട : ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്ന ക്രമക്കേടിൽ വിജിലൻസ് പരിശോധന. സന്നിധാനത്തെ ഓഫീസിലും കൗണ്ടറിലും ഉൾപ്പെടെ 4 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിയ്ക്കുന്നത്. ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു. അതേസമയം, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വിജിലൻസിൻ്റെ മിന്നൽപരിശോധനയും നടന്നുവരികയാണ്. സംസ്ഥാനവ്യാപകമായാണ് പരിശോധന.
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ കേസിലെ പ്രതികളാണ്. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ വകയിൽ 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.
ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വിൽപന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫീസർ ഏറ്റുവാങ്ങിയാണ് വിൽപ്പനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
