കൊച്ചി : തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച എ.എം സക്കീർ സ്മാരക സ്തൂപത്തിന്റെ അനാച്ഛാദനം ഹൈക്കോടതി തടഞ്ഞു. ക്യാംപസിനുള്ളിലെ ഈ നിർമ്മാണം അനധികൃതമാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു നേതാവ് എസ്. അക്ഷയ് കൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർണ്ണായക ഉത്തരവ്. കേസ് വീണ്ടും ഫെബ്രുവരി ആറിന് പരിഗണിക്കും.
കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ സ്ഥാപിച്ച സ്തൂപം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്യാമ്പസിനകത്തെ അനധികൃത നിർമ്മാണമോ സ്തൂപമോ ഉദ്ഘാടനം ചെയ്യാൻ ഒരു കാരണവശാലും അനുവദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ, ലോ കോളേജ് പ്രിൻസിപ്പൽ, മ്യൂസിയം പോലീസ് എസ്എച്ച്ഒ എന്നിവർക്ക് കോടതി കർശന നിർദേശം നൽകി.
സ്തൂപം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് അൽ സഫർ നവാസ്, സഫർ ഗഫൂർ, അർജുൻ പി.എസ്., വേണുഗോപാൽ എന്നീ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അനധികൃത നിർമ്മാണം നടത്തിയതിനെത്തുടർന്ന് ഇവരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. നിർമ്മാണം നിർത്താൻ പ്രിൻസിപ്പൽ നൽകിയ നിർദ്ദേശം ഇവർ ലംഘിച്ചതായും കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി.
ലോ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്ന എ.എം. സക്കീറിനെ 1995 ജനുവരി 16-നാണ് ഒരു സംഘം ആളുകൾ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് എസ്എഫ്ഐ സ്തൂപം നിർമ്മിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
