കൊച്ചി : വിചാരണക്കോടതി ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. വിചാരണ വേളയിൽ ജഡ്ജി തന്നെ നേരിട്ട് ചീഫ് എക്‌സാമിനേഷൻ നടത്തിയത് പ്രതിക്ക് ലഭിക്കേണ്ട നീതിപൂർവ്വമായ വിചാരണയെ തടസ്സപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇതേത്തുടർന്ന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി 14 വര്‍ഷം ജയിലില്‍ കിടന്ന പ്രതിയെ വെറുതെവിടാൻ ഹൈക്കോടതി ഉത്തരവിട്ടു.
കുന്നേൽപീടികയിൽ 2011 സെപ്റ്റംബറിലെ ഓണാഘോഷത്തിനിടെ നടന്ന കൊലപാതകക്കേസിലെ പ്രതി സി.ജി. ബാബു നൽകിയ അപ്പീലിലാണ് കോടതി നടപടി. ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ 2019 ഒക്ടോബറിലാണ് ബാബുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ, പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ ജഡ്ജി തന്നെ സാക്ഷികളെ ചോദ്യം ചെയ്തതും, മുഖ്യസാക്ഷികളെ വിസ്തരിക്കാൻ പ്രതിഭാഗത്തെ അനുവദിക്കാതിരുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി.
തെളിവ് നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വ്യക്തതയ്ക്കായി ചില ചോദ്യങ്ങൾ ചോദിക്കാൻ ജഡ്ജിക്ക് അധികാരമുണ്ടെങ്കിലും, പബ്ലിക് പ്രോസിക്യൂട്ടറുടെ റോൾ ഏറ്റെടുക്കാൻ ജഡ്ജിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ പ്രതി ഇതിനോടകം 14 വർഷം ജയിലിൽ കഴിഞ്ഞുവെന്നതും കോടതി കണക്കിലെടുത്തു. 2012 – ൽ ജാമ്യം ലഭിച്ചിട്ടും ഏഴു വർഷത്തോളം ബാബുവിന് ജയിലിന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നതും കോടതി നിരീക്ഷിച്ചു.
