കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതിനിടെ, ഷിംജിത മുസ്തഫക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആത്മഹത്യപ്രേരണക്കുറ്റമാണ് ഷിംജിതക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഷിംജിതക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് പിടികൂടണമെന്നും ദീപക്കിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
ഷിംജിതയെക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അവർ ഒളിവിലാണെന്നാണ് വിവരം. ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടുമില്ല. നേരത്തെ വിദേശത്ത് താമസിച്ചതിനാല്‍ രാജ്യം വിട്ട് പോകാനുള്ള സാദ്ധ്യതയും പോലീസ് മുന്നില്‍ക്കാണുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം, ഷിംജിത സംസ്ഥാനം വിട്ടെന്ന സൂചനകളുമുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിന് പിന്നാലെ സ്വിച്ച് ഓഫായ ഷിംജിതയുടെ ഫോണ്‍ പിന്നീട് ഓണ്‍ ആയിട്ടില്ല.
ഷിംജിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്ത് നീളം കുറച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മുഴുവന്‍ വീഡിയോയും ലഭിച്ചാല്‍ മാത്രമെ സംഭവത്തേക്കുറിച്ച് വ്യക്തത വരികയുള്ളു. ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും പ്രത്യേക സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.
