അപൂർവ്വത കൊണ്ട് അവിസ്മരണീയമായി സെൻ നദീതീരം, ഓളം തള്ളിയെത്തി ഒളിംപിക് ദീപം; പുതുചരിത്രമെഴുതി പാരീസ് ഒളിംപിക്സ് ഉദ്ഘാടനം

Date:

പാരിസ്: ഫ്രാൻസിൻ്റെ ഹൃദയം തൊട്ട സെൻ നദീതീരം വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിനെ ഹാർദ്ദവമായി വരവേറ്റു. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്നു. പതിവ് ചട്ടങ്ങളിൽ നിന്ന് മാറി, സ്റ്റേഡിയങ്ങളുടെ മതിലുകൾ ഭേദിച്ച് സെൻ നദിയുടെ തീരത്തൊരുക്കിയ ഒളിംപിക്സ് ഉദ്ഘാടന പരിപാടികൾ ആയിരക്കണക്കിന് പേരിൽ ദൃശ്യ വിരുന്നൊരുക്കി.

ഒളിംപിക് ദീപശിഖയെ നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിൻ്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണക്കാഴ്ചയൊരുക്കിയാണ് സെന്‍ നദിയിൽ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ആദ്യമെത്തിയത് ഗ്രീക്ക് സംഘത്തിന്റെ ബോട്ട്. പിന്നാലെ അഭയാർഥികളുടെ സംഘമെത്തി. വിവിധ രാജ്യങ്ങളുടെ സംഘങ്ങൾ സെന്‍ നദിയിലൂടെ പ്രവേശിക്കുന്നതിനിടെ പ്രത്യേകം തയ്യാറാക്കിയ സെറ്റിൽ പ്രത്യക്ഷപ്പെട്ട അമേരിക്കൻ ഗായിക ലേഡി ഗാഗയുടെ സംഗീത പ്രകടനം ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് അലയൊലി ചാർത്തി. പിറകെ ഫ്രാൻസിലെ പ്രശസ്തമായ ‘ദ് കാൻ കാൻ’ കബരെറ്റ് സംഗീതം അവതരിപ്പിച്ച് 80 ഓളം വരുന്ന കലാകാരൻമാരുമെത്തി.

ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള അലംകൃത ബോട്ട് സെൻ നദിയിലെ തണുത്തുറഞ്ഞ ജലസഞ്ചയത്തെ തഴുകി ഒഴുകിയെത്തിയത്. പി.വി. സിന്ധുവും ശരത് കമലും 78 അംഗ ടീമിനെ നയിച്ചു. കുർത്ത ബൂന്ദി സെറ്റും സാരിയുമായിരുന്നു ഇന്ത്യൻ പുരുഷ-വനിതാ താരവേഷം. 2016 ലും 2020ലും മെഡൽ നേടിയ സിന്ധു തുടരെ 3–ാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5–ാം ഒളിംപിക്സാണു പാരിസിലേത്. 12 വിഭാഗങ്ങളിൽനിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യയ്ക്കു പിന്നിൽ പരമ്പരാഗത വേഷ ധാരികളായി ഇന്തോനീഷ്യൻ താരങ്ങളുമെത്തി.

ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ഫ്രാൻസിലെ 10 ചരിത്ര വനിതകൾക്ക് ഫ്രാൻസ് ആദരമർപ്പിച്ചത് ശ്രദ്ധേയമായി. ഒലിംപെ ഡെ ഗോസ്, അലിസ് മിലിയറ്റ്, ഗിസെൽ ഹലിമി, സിമോൺ ഡെ ബ്യുവോർ, പൗലിറ്റ് നർഡാൽ, ജീൻ‍ ബാരറ്റ്, ലൂയിസ് മിച്ചൽ, ക്രിസ്റ്റിൻ ഡെ പിസാൻ, അലിസ് ഗയ്, സിമോൺ വെയ്ല്‍ എന്നിവരുടെ പ്രതിമകൾ സെൻ നദീതീരത്ത് ഉയർന്നുവന്നു. ഗ്രാൻഡ് പാലസിന്റെ മേൽക്കൂരയ്ക്കു മുകളില്‍നിന്നാണ് ഗായിക അക്സെൽ‍ സെന്റ് സിറൽ ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിച്ചത്. ഉദ്ഘാടനച്ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെൻ നദിയുടെ വശങ്ങളിലേക്ക് പങ്കാളിത്തമറിയിച്ച് കാത്തുനിന്നത്.
കെട്ടിടങ്ങളുടെ മേൽക്കൂരയിലും നദിയോരത്തുമുള്ള കലാപ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങുകൾക്ക് പുതു അനുഭവമായി.

ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ അവസാനിച്ച മാര്‍ച്ച് പാസ്റ്റിൽ ഏറ്റവും ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാൻസാണ്. സെൻ നദിയിലൂടെ യന്ത്രക്കുതിരയിൽ കുതിച്ചുപാഞ്ഞ ഒരു ജെൻഡാർമെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒളിംപിക്സ് പ്രഖ്യാപനം നടത്തി. ഒളിംപിക് ഗീതത്തിനു ശേഷം ദീപശിഖ ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരം സിനദിൻ സിദാന് കൈമാറി. സിദാൻ അതു ഫ്രഞ്ച് ഓപ്പണിൽ തവണ വിജയിയായ ടെന്നിസ് താരം റാഫേൽ നദാലിനു നൽകി. പ്രത്യേകം തയാറാക്കിയ ബോട്ടിൽ ദീപശിഖയുമായി നദാൽ യാത്ര തുടങ്ങി. ബോട്ടില്‍ വച്ച് യുഎസ് ടെന്നിസ് താരം സെറീന വില്യംസിനും തുടർന്ന് കാൾ ലൂയിസ്, നാദിയ കൊമനേച്ചി എന്നിവർക്കും  ദീപശിഖ നൽകി. ഏതാനും നിമിഷം സെൻ നദിയിൽ സഞ്ചരിച്ച സംഘം, ഫ്രാൻസിന്റെ മുൻ വനിതാ ടെന്നിസ് താരം അമെലി മൗറെസ്മോയ്ക്കു ദീപശിഖ പകർന്നു.

പിന്നീട് ദീപം കൈയേന്തി വാങ്ങിയ ഫ്രഞ്ച് ബാസ്കറ്റ് ബോൾ ഇതിഹാസം ടോണി പാര്‍ക്കർ, ഒളിംപിക്, പാരലിംപിക് താരങ്ങൾക്ക് ദീപശിഖ കൈമാറി. ഒടുവിൽ, കായികലോകത്തിന് പുതുവെളിച്ചം സമ്മാനിക്കുന്ന ഒളിംപിക് ദീപശിഖ ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിന്റേയും ജൂഡോ താരം ടെഡ്ഡി റിനറിന്റെയും കൈകളിലൂടെ ഏഴു മീറ്റർ വീതിയുള്ള ഒളിംപിക് ദീപത്തിനു തീ പകർന്നു. തുടർന്ന് കാഴ്ച കാണാനെത്തിയ ഏവരുടെയും മിഴികളിലേക്ക് കൂടി വെളിച്ചം വിതറി എയർ ബലൂണിന്റെ സഹായത്തോടെ ഒളിംപിക് ദീപം 30 മീറ്ററോളം മുകളിലേക്ക് ഉയർന്നു പൊങ്ങി. 2024 പാരീസ് ഒളിംപിക്സ് അങ്ങനെ യാഥാർത്ഥ്യമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related