എൻഎം വിജയൻ്റെ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത് ; കത്തിൽ ഐസി ബാലകൃഷ്ണൻ്റേയും എൻഡി അപ്പച്ചൻ്റേയും പേരുകൾ പരാമർശിക്കുന്നു

Date:

കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയിട്ടുള്ളത്. ഒരെണ്ണം കുടുംബത്തിനും രണ്ടെണ്ണം കെപിസിസി അദ്ധ്യക്ഷനും നാലാമത്തേത് മൂത്ത മകനുള്ളതുമാണ്. കുടുംബത്തിനും കെപിസിസി അദ്ധ്യക്ഷനും  എഴുതിയ കത്തുകളാണ് ഇപ്പോൾ പുറത്ത വന്നത്. . . ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത വെളിപ്പെടുത്തിയും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകൾ. പണം വാങ്ങിയ കോൺഗ്രസ് നേതാക്കളുടെ പേരുകൾ കെപിസിസി അദ്ധ്യക്ഷനെഴുതിയ കത്തിലുണ്ട്.

വലിയ സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു എൻ എം വിജയൻ എന്ന് തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. അരനൂറ്റാണ്ട് കാലം പാർട്ടിക്ക് വേണ്ടി ജീവിതം തുലച്ചു. മരണത്തിന് ശേഷം പാർട്ടി തലത്തിൽ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ എഴുതിവെച്ച നാല് കത്തും പുറത്തുവിടണമെന്നും കുടുംബത്തിനുളള കത്തിൽ പറയുന്നു.  നാലു പേജിൽ മകൻ വിജിത്തിനെ അഭിസംബോധന ചെയ്താണ് കത്തുള്ളത്. അർബൻ ബാങ്കിലെ കടബാദ്ധ്യത പാർട്ടി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ എല്ലാ കത്തുകളും വിവരങ്ങളും പരസ്യമാക്കണം. മൃതദേഹം ശ്മശാനത്തിൽ അടക്കം ചെയ്യണമെന്നും കത്തിലുണ്ട്. 

കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എഴുതിയ 2 കത്തുകളും കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള വിശ്വാസവഞ്ചനയുടെ ചൂണ്ടുവിരലാണ്. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എൻ എം വിജയൻ കത്തിൽ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാൻ നിർദ്ദേശിച്ചത് കോൺഗ്രസ് എംഎൽഎ ആണെന്നും പ്രശ്നം വന്നപ്പോൾ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. എന്ത് പറ്റിയാലും ഉത്തരവാദിത്തം പാർട്ടിക്കാണ്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെഴുതിയ സാമ്പത്തിക ബാദ്ധ്യതകളെക്കുറിച്ചുളള കത്തിൽ ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും  പണം വാങ്ങിയെന്ന് പറയുന്നുണ്ട്. മധു സബാസ്റ്റ്യൻ, ഗോപിനാഥൻ മാസ്റ്റർ എന്നിവരുടെ പേരുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മരിക്കേണ്ടി വരുമെന്നും കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.  

അർബൻ ബാങ്ക് നിയമനത്തിന് എൻ എം വിജയൻ വഴി നിരവധിപ്പേരിൽ നിന്ന് പണം വാങ്ങിയെന്നും ഇതിന് ഐ.സി ബാലകൃഷ്ണന് പങ്കുണ്ടെന്നുമാണ് ആരോപണം. രണ്ടു ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാദ്ധ്യത വിജയനുണ്ടെന്ന് ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിയമനത്തിനായി നടത്തിയ ഇടപാടിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് അന്വേഷണ സംഘവും വിലയിരുത്തുന്നത്.

പിതാവ് ആവശ്യപ്പെട്ടിരുന്നത് പ്രകാരം കത്ത് വിഡി സതീശൻ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്ക് അയച്ചുകൊടുത്തെന്നും പാര്‍ട്ടി നേതൃത്വത്തില്‍നിന്നും ഇടപെടല്‍ ഉണ്ടാവുമോ എന്നറിയാനാണ് പത്ത് ദിവസം കാത്തിരുന്നതെന്നും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് കത്ത് പുറത്തുവിടുന്നതെന്നും എന്‍.എം. വിജയന്റെ മകള്‍ പറഞ്ഞു. പാർട്ടി നേതൃത്വത്തിൽ നിന്നും ഇടപെടലുണ്ടായില്ലെങ്കിൽ വിജയൻ പറഞ്ഞു വെച്ചതുപോലെ ഇതോടൊപ്പം പോലീസ് മേധാവിക്ക് എഴുതിയ കത്തും കൈമാറുമെന്ന് കുടുംബം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...