ന്യൂഡൽഹി: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എംബസി പുന:സ്ഥാപിക്കാനുള്ള തീരുമാനവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
നാല് വർഷം മുൻപ്, താലിബാനും മുൻ അഫ്ഗാൻ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളെ തുടർന്നാണ് കാബൂളിലെ എംബസിയുടെ പദവി താഴ്ത്തുകയും ചെറിയ നഗരങ്ങളിലെ കോൺസുലേറ്റ് ഓഫീസുകൾ ഇന്ത്യ അടച്ചുപൂട്ടുകയും ചെയ്തത്. ഇന്ത്യ, അഫ്ഗാൻ തലസ്ഥാനത്തേക്ക് ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയാണെങ്കിൽ മതിയായ സുരക്ഷ നൽകുമെന്ന് ഭരണം പിടിച്ചെടുത്ത താലിബാൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഒരു സാങ്കേതിക സംഘത്തെ എംബസിയിലേക്ക് വിന്യസിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടതിനെ തുടർന്ന് പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളോടെയാണിപ്പോള്‍ എംബസി പുനഃസ്ഥാപിക്കാന്‍ പോകുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും, പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അഫ്ഗാൻ ജനത നേരിടുമ്പോൾ രാജ്യം എപ്പോഴും സഹായിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്താൻ തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് താലിബാൻ ഉറപ്പുനൽകുന്നതായി അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി തൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഓഗസ്റ്റ് 31-ലെ വിനാശകരമായ ഭൂകമ്പത്തിന് ശേഷം ഇന്ത്യ നൽകിയ ദ്രുതഗതിയിലുള്ള പിന്തുണയെ മുത്തഖി പ്രശംസിച്ചു
