ഗുവാഹത്തി: അസമിൽ സിമൻ്റ് കമ്പനിക്ക് യഥേഷ്ടം ഭൂമി വിട്ടുകൊടുത്ത സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അസമിലെ ദിമാ ഹസാവോ ജില്ലയിൽ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ (ഏകദേശം 991 ഏക്കർ) ആദിവാസി ഭൂമി, ഖനന പ്രവർത്തനങ്ങൾക്കായി അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെയാണ് ഗുവാഹത്തി ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്. എന്തുകൊണ്ടാണ് സർക്കാർ ഇത്രയും വലിയ അളവിൽ ഭൂമി ഒരു കമ്പനിക്ക് അനുവദിച്ചതെന്ന് ചോദിച്ച കോടതി, സർക്കാർ നടപടി ന്യായീകരിക്കാൻ ശ്രമിച്ച കമ്പനിയുടെ അഭിഭാഷകയോട് പൊതുതാത്പര്യമാണ് കോടതിക്ക് പ്രധാനമെന്ന് ഓർമ്മിപ്പിച്ചു.
ജസ്റ്റിസ് സഞ്ജയ് കുമാർ മേധിയുടെ ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദൃശ്യത്തിൽ, 3000 ബിഗ ഭൂമിയെന്ന് കേട്ടയുടൻ ജസ്റ്റിസ് സഞ്ജയ് കുമാർ ഒന്ന് ഞെട്ടി, പിന്നെ ആശ്ചര്യത്തോട ചോദിക്കുന്നുണ്ട് – ഒരു ജില്ല മുഴുവനായി കൊടുത്തോയെന്ന്! എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി ഈ ഭൂമിയിൽ എത്രത്തോളം തരിശ് ഭൂമിയുണ്ടെന്ന് കോടതിക്ക് അറിയാമെന്നും പറയുന്നു. ഇതെന്താ തമാശയാണോയെന്ന് ചോദിച്ച കോടതിയോട് കമ്പനിയുടെ അഭിഭാഷക, ഖനനം നടക്കുന്ന പ്രദേശം കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധിപ്പിക്കാൻ ശ്രമിക്കവെ. സ്വകാര്യ താൽപ്പര്യമല്ല, പൊതുതാൽപ്പര്യമാണ് പ്രധാനമെന്ന് കോടതി മറുപടിയും നൽകുന്നുണ്ട്.
അനുവദിച്ച ഭൂമി തരിശാണെന്നും സിമന്റ് പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അത്യാവശ്യമാണെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിപക്ഷ പാർട്ടികൾ മുൻകാലങ്ങളിൽ ഈ നീക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭൂമിയെ സംബന്ധിക്കുന്ന അളവുകോലാണ് ബിഗ എന്നത്. ഒരു ബിഗ എന്നാൽ ഏകദേശം 14400 സ്ക്വയർ ഫീറ്റ് ഭൂമിയെന്നാണ് അസമിലെ കണക്ക്. ഓരോ സ്ഥലത്തും ബിഗ അളവ് വ്യത്യാസമാണ്. ദിമ ഹസാവോയിലെ ജനങ്ങളുടെ ജീവൽപ്രശ്‌നമാണിതെന്ന് ഉന്നയിച്ച് കമ്പനിക്ക് ഭൂമി നൽകുന്നതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു.