ന്യൂഡൽഹി : രാഷ്ട്രത്തിൻ്റെ 77 -ാമത് റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിക്കപ്പെട്ട പത്മ പുരസ്കാര തിളക്കത്തിൽ കേരളം. വിവിധ മേഖലകളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ മുൻനിർത്തിയാണ് കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്ക് രാജ്യത്തിൻ്റെ ആദരം ലഭിക്കുന്നത്. കമ്മ്യൂണിസ്റ്റ് ആചാര്യനും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി ആദരിക്കും.
സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും ആർ എസ് എസ് താത്വികാചാര്യനും ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപരും ആയിരുന്ന പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിൻ്റെ പ്രിയ നടൻ മമ്മൂട്ടിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിനും അർഹരായി.
പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നീ പത്മ അവാർഡുകൾ രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളാണ്. 1954 ൽ സ്ഥാപിതമായ ഈ അവാർഡുകൾ വർഷം തോറും റിപ്പബ്ലിക് ദിനത്തിലാണ് പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക സേവനം, ശാസ്ത്രം, എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവ്വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളിലെ മികച്ച നേട്ടങ്ങളെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.
