[Photo Courtesy : The Pioneer/X]
പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ സംസ്ഥാനത്ത് 67.14% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മിഥില, കോസി ബെൽറ്റ്, പടിഞ്ഞാറൻ ബിഹാർ, മഗധ്, അംഗിക, സീമാഞ്ചൽ മേഖലകൾ ഉൾപ്പെടെ 122 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെത്തുടർന്ന് കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.
പ്രാൺപൂരിൽ ആണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്, 78.9%. ഏറ്റവും കുറവ് നവാഡയിലും, 53.6% . രാവിലെ മുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. ജെഡിയു നേതാവും സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ ബിജേന്ദ്ര പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലെ പ്രധാന സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. എട്ടാം തവണയും തന്റെ സുപോൾ സീറ്റ് നിലനിർത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
നവംബർ 6 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66% ആയിരുന്നു പോളിങ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 57.29% ൽ നിന്ന് വലിയ വർധനവാണ് ഇത്തവണ ഉണ്ടായത്. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ രണ്ടു ഘട്ടമായി നടക്കുന്ന പോളിങ്ങിന് 3.75 കോടി വോട്ടർമാരാണുള്ളത്.
അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. ഇവർക്കായി 45,341 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയത്. എസ്ഐആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. നവംബർ 14 നാണ് വോട്ടെണ്ണൽ.
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് മുഖ്യപോരാട്ടം. മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഇന്ത്യാ സഖ്യത്തിൻ്റെ പ്രചാരണം.
