ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സ്വീകരിച്ച രീതിശാസ്ത്രത്തിൽ എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാൽ, ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക ഇന്റൻസീവ് റിവിഷൻ മുഴുവൻ (എസ്‌ഐആർ) റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഭരണഘടനാ സ്ഥാപനമായതിനാൽ, എസ്‌ഐആറിന്റെ നടത്തിപ്പിൽ നിയമവും നിർബന്ധിത നിയമങ്ങളും പാലിച്ചിട്ടുണ്ടാകുമെന്ന് അനുമാനിക്കുന്നുവെന്ന് സർവ്വെയ്‌ക്കെതിരായ കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഈ വിഷയത്തിൽ ഒരു ഭാഗിക അഭിപ്രായം പറയാൻ ഇപ്പോൾ കോടതി തയ്യാറാവുന്നില്ലെന്നും അങ്ങനെ വന്നാൽ അതിന്റെ അന്തിമ വിധി എസ് ഐ ആർ നടത്തിപ്പിൽ ഇന്ത്യ മുഴുവൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ബീഹാറിലെ എസ്‌ഐആർ അഭ്യാസത്തിന്റെ സാധുതയെക്കുറിച്ചുള്ള അന്തിമ വാദം കേൾക്കുന്നതിനായി കേസ് ഒക്ടോബർ 7 ലേക്ക് കോടതി മാറ്റിവെച്ചു. ബിഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പന്ത്രണ്ടാമത്തെ സാധുവായ രേഖയായി ആധാറിനെ കണക്കാക്കണമെന്ന് സെപ്റ്റംബർ 8 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ നിർദ്ദേശങ്ങൾ നൽകിയിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അത് സ്വീകരിക്കാൻ വിസമ്മതിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഉത്തരവ്.
ആധാറിന് പൗരത്വം തെളിയിക്കാൻ കഴിയില്ലെങ്കിലും, അത് തിരിച്ചറിയലിനും താമസത്തിനും നിയമാനുസൃതമായ തെളിവായി തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ എതിർപ്പുകൾ അന്ന് തള്ളിയത്. കൃത്യമായ പരിശോധന കൂടാതെ ലക്ഷക്കണക്കിന് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ എസ് ഐ ആർ ഡ്രൈവ് നടത്തിയതിനെ നിശിതമായി വിമർശിച്ചിരുന്നു. ഓഗസ്റ്റ് 18 ന്, എസ്‌ഐആർ പ്രക്രിയയുടെ ഭാഗമായി 65 ലക്ഷം പേരുകൾ ഇല്ലാതാക്കിയതായി കാണിക്കുന്ന ഒരു കരട് പട്ടിക ഇസിഐ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.