ചത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം വിലക്കുന്ന ബോർഡുകൾ സ്ഥാപിച്ചത് ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി. ഛത്തീസ്ഗഡിലെ എട്ട് ഗ്രാമങ്ങളില്‍ ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഛത്തീസ്ഗഡ് ഹൈക്കോടതി തീര്‍പ്പാക്കിയത്. പ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയോ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനായി സ്ഥാപിച്ച ബോർഡുകളെ ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെയും പ്രാദേശിക സാംസ്‌ക്കാരിക പൈതൃകത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ബന്ധപ്പെട്ട ഗ്രാമസഭകള്‍ ബോര്‍ഡുകൾ സ്ഥാപിച്ചതെന്ന് കരുതുന്നതായി ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കാങ്കര്‍ ജില്ലയിലെ താമസക്കാരനായ ദിഗ്ബാല്‍ തണ്ടി എന്നയാളാണ് മുഖ്യധാരാ ഗ്രാമ സമൂഹത്തിൽ നിന്ന് ക്രിസ്ത്യന്‍ സമൂഹത്തെയും അവരുടെ മതനേതാക്കളെയും വേര്‍തിരിക്കുന്ന വിഷയം ഉന്നയിച്ച് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം’ എന്ന പേരിലും ശൈലിയിലും പ്രമേയം പാസാക്കാന്‍ പഞ്ചായത്ത് വകുപ്പ് ജില്ലാ പഞ്ചായത്തിനോടും ജന്‍പദ് പഞ്ചായത്തിനോടും അവസാനം ഗ്രാമപഞ്ചായത്തിനോടും നിര്‍ദ്ദേശിച്ചതായും ഗ്രാമപഞ്ചായത്തിനുള്ള സര്‍ക്കുലറിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെയും മതം മാറിയ ക്രിസ്ത്യാനികളെയും ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഒരു പ്രമേയം പാസാക്കാന്‍ നിര്‍ദ്ദേശിക്കുക എന്നതാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലെ കുറഞ്ഞത് എട്ട് ഗ്രാമങ്ങളിലെങ്കിലും പാസ്റ്റര്‍മാരുടെയും മതം മാറിയ ക്രിസ്ത്യാനികളുടെയും പ്രവേശനം നിരോധിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകൾ സ്ഥാപിച്ചതിനാല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവര്‍ നേരത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്നത് അക്രമത്തിന് കാരണമാകുമെന്ന ഭയം ഉണ്ടാക്കുന്നുണ്ട്. 1996ലെ പഞ്ചായത്ത് നിയമത്തിലെ (PESA )വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്ത് ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്കെതിരേ മതവിദ്വേഷം പടര്‍ത്താന്‍ സര്‍ക്കുലര്‍ പാസാക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കപ്പെടുന്നു.
ദേവതകള്‍ കുടിയിരിക്കുന്ന സ്ഥലം, ആരാധനാ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ (ഗോതുല്‍, ധുംകുഡിയ പോലെയുള്ളത്) സാമൂഹിക ആചാരങ്ങള്‍ തുടങ്ങിയ പ്രാദേശിക സാംസ്‌ക്കാരിക പൈതൃകങ്ങള്‍ എന്നിവയെ തകര്‍ക്കുന്ന ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പഞ്ചായത്ത് നിയമം ഗ്രാമസഭയെ അധികാരപ്പെടുത്തുന്നുണ്ടെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വൈ എസ് ഠാക്കൂര്‍ പറഞ്ഞു.
ബോർഡുകൾ സ്ഥാപിച്ചത് ആദിവാസി ജനതയെ നിയമവിരുദ്ധമായി മതം മാറ്റുന്നതിനായി ഗ്രാമത്തില്‍ പ്രവേശിക്കുന്ന മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്ക് മാത്രം വിലക്കുക എന്ന പരിമിതമായ ഉദ്ദേശ്യം മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗോത്രവര്‍ഗ്ഗക്കാരെ പ്രലോഭിപ്പിച്ച് നിയമവിരുദ്ധമായി മതം മാറ്റുന്നത് അവരെ സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് ബോര്‍ഡുകളിൽ പറയുന്നു. 2023ല്‍ നാരായണ്‍പൂര്‍ ജില്ലയിലുണ്ടായ കലാപം ഉള്‍പ്പെടെ ഈ വിഷയത്തില്‍ മുന്‍കാലങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ഹൈക്കോടതി ബെഞ്ച് മുന്‍കാലങ്ങളില്‍ സുപ്രീം കോടതി നടത്തിയ വിധികള്‍ ഉദ്ധരിച്ച് പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയോ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി ബോർഡുകൾ സ്ഥാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് ഉത്തരവിട്ടു. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഹര്‍ജിക്കാരന്‍ മറ്റ് നിയമപരമായുള്ള പരിഹാരമാര്‍ഗ്ഗങ്ങളൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
