കണ്ണൂർ: അധികൃതരുടെ കണ്ണുവെട്ടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടി രക്ഷപ്പെട്ടത്. കോഴിക്കോടും കാസർഗോഡുമായി പോലീസ് ശക്തമായ തിരച്ചിൽ തുടരുന്നതിനിടെയാണ് ജയിലിൻ്റെ രണ്ടുകിലോമീറ്റർ അകലെ ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ ഗോവിന്ദച്ചാമി ഉണ്ടെന്നറിഞ്ഞ് പോലീസ് വളയുന്നത്. പോലീസിൽ നിന്ന് രക്ഷപ്പെടാൻ വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമിയെ സാഹസികമായാണ് പിടികൂടിയത്.
ജയിൽചാടിയ കേസിൽ ചോദ്യംചെയ്യൽ പൂർത്തിയായി. വൈകീട്ടോടെ ഗോവിന്ദച്ചാമിയയെ കോടതിൽ ഹാജരാക്കും. തുടർന്ന് റിമാൻഡ് ചെയ്ത് കണ്ണൂർ ജയിലിൽ കൊണ്ടുവരും. ശേഷം, ഇവിടെനിന്ന് ജയിൽ മാറ്റുമെന്നാണ് വിവരം. കണ്ണൂരിലെ അതിസുരക്ഷാ ജയിലിൽനിന്ന് കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാൻ എങ്ങനെ അവസരമൊരുങ്ങി എന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ പ്രതിപക്ഷം ശക്തമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്. ജയിൽചാട്ടത്തിന് ഗോവിന്ദച്ചാമിക്ക് ജയിലിനകത്തും പുറത്തും പിന്തുണ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.