കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് അഹ്സാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിന്നിച്ചിതറിയനിലയിലാണ് സംഭവസ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
സ്ഫോടനം പടക്കനിര്‍മ്മാണത്തിനിടെയെന്നാണ് പോലീസ് നൽകുന്ന സൂചന. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നതെന്നും എന്നാല്‍ ഇവ എത്രമാത്രം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. പരിശോധന പൂര്‍ണ്ണമായിട്ടില്ലെന്നും പോലീസ്.
അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. പൊടിക്കുണ്ട് രാജേന്ദ്ര നഗർ കോളനിയിലാണ് അന്ന് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 6 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. 17 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. അന്നുണ്ടായത് 4 കോടി രൂപയിൽ ഏറെ നഷ്ടമാണ്. അനൂപ് മാലിക്കിന് അടുപ്പമുണ്ടായിരുന്ന സ്ത്രീയും അവരുടെ മകളും അടക്കം നാലുപേർക്ക് കാര്യമായി പരിക്കേറ്റിരുന്നു. ഈ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ നടന്നുവരികയാണ്.
ഇതിനിടെയാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ
അനൂപ് മാലിക് വാടകക്കെടുത്ത കീഴറയിലെ വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില്‍ രണ്ടുപേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞതിനാല്‍ വിശദമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ രണ്ടാമത്തെയാളെ കണ്ടെത്താനായിട്ടില്ല.സംഭവം നടക്കുമ്പോൾ രണ്ടാമൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിലവിലെ നിഗമനം. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ വീടുകളിലെ ജനല്‍ച്ചില്ലുകളും വാതിലുകളും തകര്‍ന്നു.
