പത്തനംതിട്ട : മൂന്നാമത് പോലീസിന് ലഭിച്ച ലൈംഗിക പീഢന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. ക്രൂരമായ ബലാത്സംഗവും നിർബ്ബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന. ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്. ഹോട്ടലിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
രാഹുലിനെ ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ രാഹുലിനെ പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയം കൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തശേഷമാണ് അന്വേഷണസംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടലിലെ 2002-ാം നമ്പർ മുറിയിലായിരുന്നു രാഹുലുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ നിന്ന് പോയി എന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് മുറിയിലെത്തിയത്. ഡൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് പോലീസ് മുറി തുറക്കുകയായിരുന്നു. പോലീസാണെന്ന് അറിയിച്ചതോടെ ആദ്യം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ രാഹുൽ വിസമ്മതിച്ചു. പിന്നീട് വഴങ്ങുകയായിരുന്നു. കസ്റ്റഡിയാണെന്ന് പറഞ്ഞതോടെ എതിർത്തു. എന്നാൽ 15 മിനിറ്റുകൊണ്ട് നടപടികൾ പൂർത്തിയാക്കി പോലീസ് രാഹുലുമായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു.
പ്രത്യേക സംഘമാണ് ഇ-മെയിൽ പരാതിയിൽ കേസെടുത്തതും സ്‌ത്രീയുടെ മൊഴി രേഖപ്പെടുത്തിയതും. മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം തുടങ്ങീട്ട് ഏകദേശം ഒരാഴ്ച കഴിഞ്ഞിരുന്നു. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള SIT സംഘമാണ് അന്വേഷണം നടത്തിയത്. ക്രൈം നടന്നത് പത്തനംതിട്ട വെച്ചായതുകൊണ്ടുതന്നെ പോലീസ് ആദ്യം പത്തനംതിട്ടയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ ക്രൈം ബ്രാഞ്ചിന് കൈമാറി.
രാഹുലിനെതിരെ ശക്തമായ തെളിവുകളാണ് മൂന്നാം കേസിൽ പരാതിക്കാരി നൽകിയിരിക്കുന്നത്. ആശുപത്രി രേഖകളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കൽ രേഖകളും സാമ്പിളും തെളിവായി കൈമാറി. രാഹുൽ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ട്. അന്വേഷണ സംഘം ആശുപത്രിയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരിയുടെ മൊഴി. ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി കിട്ടിയ പരാതിയാണ് SIT യ്ക്ക് കൈമാറിയത്.
രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ മൂന്നാം പീഢന കേസുകൂടി വന്നത്.
