പാലക്കാട് : പാലക്കാട് മുതലമടയിൽ ആദിവാസിയെ മുറിയിൽ പട്ടിണിക്കിട്ട് പൂട്ടി ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസിക്കാണ് ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി.
ആറു ദിവസം പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയന് അന്നേ ദിവസം ഫാം സ്റ്റേയിൽ തേങ്ങ പെറുക്കിക്കൂട്ടുന്നതിനിടെ കണ്ട മദ്യ കുപ്പിയിൽ നിന്ന് മദ്യം കുടിച്ചതിന്‍റെ പേരിലാണ് ക്രൂരമര്‍ദ്ദനം ഏൽക്കേണ്ടിവന്നത് എന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്യുകയും വെള്ളയനെ മര്‍ദ്ദിച്ച് മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ഒരു തുള്ളി വെള്ളം പോലും നൽകാതെ ആറു ദിവസമാണ് വെള്ളയനെ മനുഷ്യത്വരഹിതമായി മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചത് ഏറെ സമയമെടുത്താണ് വാതിൽ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് വെള്ളയന്‍റെ മൊഴിയെടുത്തു.