കൊച്ചി: കൊച്ചിയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം സ്പായുടെ പ്രവർത്തനങ്ങളിലേക്കും നീളുന്നു. സ്പായുടെ മറവിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന വിശദമായ അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചു. പോലീസുകാരനെ ഭീഷണിപ്പെടുത്താൻ ക്വട്ടേഷന്‍ നൽകിയത് സുൽഫിക്കർ എന്ന ആൾക്കാണെന്നാണ് ഇന്നലെ അറസ്റ്റിലായ സ്പാ ജീവനക്കാരി രമ്യ മൊഴി നൽകി. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ ചൊവ്വാഴ്ച ചമ്പക്കരയിൽ നിന്നാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. കേസിൽ മൂന്നാം പ്രതിയാണ് രമ്യ.
എറണാകുളത്ത് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഒളിവിലുള്ള എസ്ഐ കെ കെ ബൈജുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാൾ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോണും സ്വിച്ച്ഡ് ഓഫാണ്. ബൈജുവിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എസ് ഐ ബൈജു അടങ്ങുന്ന സംഘം മറ്റാരെയെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിലെ രണ്ടാം പ്രതിയും ബൈജുവിന്റെ കൂട്ടാളിയുമായ ഷിഹാമിനെയാണ് രമ്യയ്ക്കു പുറമെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.
