തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധി പകർപ്പ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപ് പ്രതികൾക്ക് പണം നൽകിയെന്നതിന് തെളിവില്ലെന്നും വിധി പകർപ്പിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി പകർപ്പ് വിവരങ്ങൾ പുറത്തുവന്നു.
പൾസർ സുനി ദിലീപിൽ നിന്ന് പണം വാങ്ങിയതിനും ജയിലിൽ നിന്ന് ദിലിപിനെ വിളിച്ചതിനും തെളിവില്ലെന്ന് വിധിയിൽ പറയുന്നു.
നിയമപരമായി പോരായ്മകൾ ഉള്ളതിനാൽ ഇതൊന്നും തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന തുടരന്വേഷണവും കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു. കോടതിയെ പ്രോസിക്യൂഷൻ സംശയ നിലയിൽ നിർത്തി എന്ന് വിധിന്യായത്തിൽ ഉൾപ്പെടെ പറയുന്നുണ്ട്.
ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകർപ്പിൽ പറയുന്നത്. ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകൾ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയതിൽ വീഴ്ചയുണ്ടായെന്ന് വിധിയിൽ പറയുന്നു.
ദിലീപിന്റെ ഫോണിലെ ചാറ്റുകൾ നീക്കം ചെയ്തെന്ന പ്രോസിക്യൂഷൻ വാദത്തിൽ ഫോണുകൾ എന്തുകൊണ്ട് സിഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിക്കുന്നു.
‘ആകാശം ഇടിഞ്ഞു വീണാലും നീതി നടക്കട്ടെ’ എന്ന വരി വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും നിയമപ്രകാരമുള്ള കാര്യങ്ങളാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നും, നിയമമാണ് ഇവിടെ നടപ്പാക്കപ്പെടുന്നത് എന്നുമാണ് കോടതി വ്യക്തമാക്കുന്നത്. 1700-ൽ അധികം പേജുകൾ ഉള്ള വിധിന്യായത്തിന്റെ പ്രധാന ഭാഗങ്ങളാണ് പുറത്തുവന്നത്.
‘കേസിൽ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. 20 വർഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്.
