പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി. ഇന്നലെ നടന്ന റെയിഡിന് പുറമെയാണ് ഇ ഡിയുടെ നടപടി. കവർച്ചാപ്പണം കൊണ്ട് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. അറസ്റ്റിലായ ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയതിൽ നിന്നും ഇഡിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്തഘട്ട അന്വേഷണം. .
അതേസമയം, സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന ഇന്നും തുടരും. കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയ എസ്ഐടി സംഘം ശ്രീകോവിലിന് സമീപത്തെ സ്വർണ്ണപ്പാളിയിലും സ്ട്രോങ്ങ് റൂമിൽ അടക്കം പരിശോധന നടത്തിയെന്നാണ് സൂചന. പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നും നാളെയും എസ്ഐടി സംഘം സന്നിധാനത്ത് തുടരും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ അടക്കം എസ്ഐടി വിവരങ്ങൾ ശേഖരിക്കും. ഇന്നലെ ഉച്ചയോടുകൂടി ആണ് എസ് പി ശശിധരൻ അടക്കമുള്ള അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ഹൈക്കോടതിയുടെ അനുമതി പ്രകാരം ആയിരുന്നു സന്നിധാനത്തെ പരിശോധനയും തെളിവ് ശേഖരണവും.
