തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണ്ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത്. ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണ്ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
രേഖകള്‍ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് തന്നെ ദേവസ്വം കമ്മീഷണറേയും സ്‌പെഷ്യല്‍ ഓഫീസറേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം എസ്‌ഐടിക്ക് മറുപടി നല്‍കിയിരുന്നു. ഇതിന് പിന്നാലെ എസ്‌ഐടി നടത്തിയ പരിശോധനയിലാണ് വിജയ് മല്ല്യ സ്വര്‍ണ്ണം പൊതിഞ്ഞതുമായ നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുത്തത്.
ശബരിമലയിൽ സ്വര്‍ണ്ണം പൊതിഞ്ഞതുമായ ബന്ധപ്പെട്ട് അന്വേഷന സംഘത്തിന് മുന്നിൽ കൃത്യമായ വിവരമില്ലെന്ന വലിയ പ്രതിസന്ധിയാണ് രേഖകൾ കണ്ടെത്തിയതോടെ തീർന്നത്. അന്വേഷണത്തിന് വേഗം കൈവരിക്കാനും ഇത് സഹായകമാകും. 30.8 കിലോയോളം സ്വര്‍ണ്ണം പൊതിഞ്ഞു എന്നതായിരുന്നു വിജയ് മല്യയുമായി ബന്ധപ്പെട്ട അവകാശവാദം. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനും നഷ്ടപ്പെട്ടത് എത്രമാത്രം സ്വര്‍ണ്ണമാണെന്ന് കൃത്യമായി കണ്ടെത്താനും പിടിച്ചെടുത്ത രേഖകൾ അന്വേഷണസംഘത്തിന് ഉപകാരപ്രദമാകും.
