പാലക്കാട്: കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത ലഭിക്കാതെ പോലീസ്. പരസ്പരമുള്ള തർക്കത്തെ തുടർന്നാകാം സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചത് ആകാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമെ യഥാർത്ഥ ചിത്രം പുറത്തുവരുകയുള്ളൂ എന്ന് പോലീസ് പറയുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം പാലക്കാട് കല്ലടിക്കോട് മരുതംകോട് ആണ് സംഭവം നടന്നത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണ് മരിച്ചത്. പ്രദേശത്തെ സർക്കാർ സ്കൂളിന് സമീപത്തെ റോഡിൽ ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടന്നതിന് തൊട്ടടുത്താണ് നിതിൻ്റെ വീട്. നാട്ടുകാർ ഇവിടെയെത്തി നോക്കിയപ്പോൾ നിതിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിതിനും ബിനുവും അയൽവാസികളും ആണ്. നിതിൻ്റെ വീട്ടിൽ അമ്മ മാത്രമാണ് ഉള്ളത്. ടാപ്പിംഗ് തൊഴിലാളിയാണ് ബിനു. നിതിനും ബിനുവും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച സൂചന. ബിനു കഴിഞ്ഞ ദിവസം നിതിനോട് മോശമായി സംസാരിച്ചിരുന്നതായി നിതിന്റെ അമ്മ പോലീസിനോട് പറഞ്ഞിട്ടുമുണ്ട്.
ശരീരത്തോട് തോക്കിന്‍കുഴല്‍ ചേര്‍ത്ത് വെടിയുതിര്‍ക്കുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ ആഘാതമാണ് ബിനുവിന്റെ നെഞ്ചില്‍ വലിയദ്വാരം ഉണ്ടാക്കിയിട്ടുള്ളത്. വലിയ തോതില്‍ രക്തം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. അതേസമയം, നിതിന്റെ വലതുകക്ഷത്തിലാണ് മുറിവേറ്റിട്ടുള്ളത് എന്നത് ബിനു നിതിനുനേരേ വെടിവെച്ചതാണെന്നുള്ള സാദ്ധ്യത പോലീസ് ഉറപ്പിക്കുന്നു. നിതിനും ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്.
