കൊച്ചി: ടെലിവിഷൻ ചാനലുകൾക്കെതിരെ പരാതി നൽകി നടൻ ദിലീപിന്റെ സഹോദരി ജയലക്ഷ്മി. ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനാണ് വാർത്താ ചാനലുകൾക്കെതിരെയുള്ള ജയലക്ഷ്മിയുടെ പരാതി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ച് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് പരാതി നൽകിയത്. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും ചാനൽ മേധാവികൾക്കുമെതിരെയുമാണ് പരാതി.
ഡിസംബർ എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കോടതിയിലേക്ക് പോകുന്നതും കോടതി വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവയ്ക്കുന്നതും ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, മകൾ മഹാലക്ഷ്മിയുൾപ്പടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ വീടിന് പുറത്തുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ ഡ്രോണുപയോഗിച്ച് ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്തത്.
വീട്ടിലെ അംഗങ്ങളുടെ സമ്മതമോ അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചതെന്നും കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചുവെന്നും വ്യക്തികളുടെ സ്വകാര്യമായ താമസസ്ഥലത്തിന് മുകളിലൂടെ ഡ്രോൺ നിരീക്ഷണം നടത്താൻ മാധ്യമസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും ജയലക്ഷ്മിയുടെ പരാതിയിൽ പറയുന്നു
