(Photo source : File)
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലുള്ള സ്കൂളുകൾക്കാണ് ഇ-മെയിൽ വഴി തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി ലഭിച്ചത്. ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ (ഡിപിഎസ്), മോഡേൺ കോൺവെന്റ് സ്കൂൾ, ദ്വാരകയിലെ സെക്ടർ 10 ലെ ശ്രീറാം വേൾഡ് സ്കൂൾ എന്നിവയ്ക്കാണ് ഇമെയിൽ വഴി ഭീഷണി ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ്, ബോംബ് നിർമ്മാർജന സ്ക്വാഡുകൾ, ഡൽഹി ഫയർ സർവ്വീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി പരിസരത്ത് സമഗ്രമായ തിരച്ചിൽ ആരംഭിച്ചു.
“മുൻകരുതൽ നടപടിയായി എല്ലാ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.”- ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് സമീപ മാസങ്ങളിലായി സമാനമായ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 18 ന്, ഡൽഹിയിലുടനീളമുള്ള 50-ലധികം സ്കൂളുകൾക്ക് ഒരു ദിവസം രാവിലെ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത് പരിഭ്രാന്തിക്കും വലിയ തോതിലുള്ള ഒഴിപ്പിക്കലിനും കാരണമായി. സിവിൽ ലൈനിലെ സെന്റ് സേവ്യേഴ്സ്, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് ഗ്ലോബൽ സ്കൂൾ, രോഹിണിയിലെ അഭിനവ് പബ്ലിക് സ്കൂൾ, രോഹിണിയിലെ ദി സോവറിൻ സ്കൂൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ജൂലൈയിൽ ആദ്യം, നഗരത്തിലെ മറ്റ് മൂന്ന് സ്കൂളുകൾക്ക് സമാനമായ വ്യാജ ഇമെയിലുകൾ ലഭിച്ചതിന് തൊട്ടുപിന്നാലെ, ദ്വാരകയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലും സെന്റ് തോമസ് സ്കൂളിലും ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തെക്കൻ ഡൽഹിയിലെ 12 വയസ്സുള്ള ഒരു ആൺകുട്ടിയുടേതാണ് വ്യാജ ഇമെയിലുകളിലൊന്ന് എന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. തമാശയായി സന്ദേശം അയച്ചതായാണ് പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. തുടർന്ന് കൗൺസിലിംഗ് നൽകുകയും വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു.
മുൻ ഭീഷണികളെല്ലാം തട്ടിപ്പാണെന്ന് തെളിഞ്ഞെങ്കിലും, ആവർത്തിച്ചുള്ള സംഭവങ്ങൾ രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഓരോ ഭീഷണിയും സ്ഥിരീകരിക്കുന്നതുവരെ മുൻകരുതൽ ഒഴിപ്പിക്കൽ സാധാരണ പ്രതികരണമായി തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യതലസ്ഥാനത്തിന് പുറമെ കഴിഞ്ഞ മാസം ബെംഗളൂരുവിലും നിരവധി സ്കൂളുകൾക്ക് ഒരേ ദിവസം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ജൂലൈ 18-ന് ഡൽഹിയിലെ 45 സ്കൂളുകൾക്കൊപ്പം ബെംഗളൂരുവിലെ 40-ഓളം സ്വകാര്യ സ്കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി സന്ദേശങ്ങൾ മിക്കതും വ്യാജമായിരുന്നെന്നാണ് പരിശോധനയിൽ തെളിഞ്ഞത്
