കോഴിക്കോട് : സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി വടകര മുട്ടുങ്ങലിലെ ഷിംജിതാ മുസ്തഫയ്ക്ക് ജാമ്യമില്ല. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിരസിച്ചു. ജാമ്യാപേക്ഷയിൽ 24-ാം തീയതി വാദം പൂർത്തിയായിരുന്നു.
സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴികളും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം നൽകിയാൽ പ്രതി തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു.
ഷിംജിത വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ മഞ്ചേരി ജയിലിലാണ് ഷിംജിത. ജാമ്യാപേക്ഷയിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് ഷിംജിതയുടെ അഭിഭാഷകൻ പറഞ്ഞു. ഉടൻതന്നെ ജില്ലാ കോടതിയിൽ ജാമ്യഹർജി ഫയൽചെയ്യും.
.
