മനില: ഫിലിപ്പിന്‍സില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിൽ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഫിലിപ്പിന്‍സിലുണ്ടായത്. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
ബോഗോയില്‍ മാത്രം കുറഞ്ഞത് 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മലയോര ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കൂട്ടം കുടിലുകള്‍ മണ്ണിനടിയിലായി.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡുകള്‍ക്കും അടുത്തുള്ള ദാന്‍ബന്തയാനിലെ കത്തോലിക്ക പള്ളിക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. പാറക്കെട്ടുകൾക്കും മണ്ണിനും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ വേഗത്തിലാക്കാൻ ബാക്ക്‌ഹോ ഉൾപ്പെടെയുള്ള ഭാരമേറിയ യന്ത്രങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.
സാൻ റെമിജിയോ ടൗണിലും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, ഒരു അഗ്നിശമന സേനാംഗം, ഒരു കുട്ടി എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചതായി വൈസ് മേയർ ആൽഫി റെയ്‌നസ് സ്ഥിരീകരിച്ചു. അടിയന്തര ദുരിതാശ്വാസ സാമഗ്രികൾക്കായി ഡിസെഡ്എംഎം റേഡിയോയോട് സംസാരിച്ച റെയ്‌നസ് അഭ്യർത്ഥിച്ചു
