കാസർഗോഡ് : കാസർഗോഡ് ഡിസിസി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ അടിയോടടി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജന ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കനും കർഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് വാസുദേവനുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ജയിംസ് പന്തമാക്കൻ നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഡിഎഫ് എന്ന സംഘടന ഉണ്ടാക്കിയിരുന്നു. ഈ സംഘടനയാണ് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിൽ നൽകി.
അന്ന് തന്നോടൊപ്പം വന്ന ഏഴ് പേർക്കും സീറ്റ് വേണമെന്ന ആവശ്യമാണ് ജയിംസ് പന്തമാക്കൻ ഉന്നയിച്ചത്. ഇതിനെ ഡിസിസി ഭാരവാഹികൾ എതിർത്തു. 5 സീറ്റ് നൽകാൻ ധാരണയായി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസലിനെതിരെ ജയിംസും ഒപ്പമുള്ളവരും വിമർശനം ഉന്നയിച്ചതോടെ നൽകുന്ന സീറ്റ് രണ്ടാക്കി ചുരുക്കാൻ ഡിസിസി നേതൃത്വം തീരുമാനിച്ചു. ഇതേത്തുടർന്നുള്ള ആക്ഷേപങ്ങളും തർക്കങ്ങളുമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിൽ എത്തിച്ചത്.
