[Photo Courtesy: CEO Kerala]
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് കനത്ത പോളിങ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് 78.27 % കടന്നു. 1987ന് ശേഷമുള്ള ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേത്. മലബാർ മേഖലയിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. വടക്കുള്ള പല ജില്ലകളിലെയും പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.
കോഴിക്കോട് ജില്ലയിലും പാലക്കാടുമാണ് ഏറ്റവും ഉയർന്ന പോളിങ് നടന്നത്. കുറഞ്ഞ പോളിങ് പത്തനംതിട്ടയിലാണ്. കോഴിക്കോട് 81.32 ശതമാനവും പാലക്കാട്ടെ പോളിങ് ശതമാനം 80 ശതമാനവും കടന്നു. പത്തനംതിട്ടയിൽ 70.76 ശതമാനമായിരുന്നു പോളിങ്.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പോളിങ് ശതമാനം ഉയർന്ന രീതിയിലായിരുന്നു. കനത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ ബൂത്തിലെത്തുന്നുവെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നതെങ്കിലും ഉയരുന്ന പോളിങ് ശതമാനത്തിൻ്റെ ട്രൻഡ് തുടർന്നും നിലനിന്നു. വോട്ടിംഗ് അവസാനിക്കേണ്ട സമയപരിധിയായ വൈകീട്ട് ആറുമണി കഴിഞ്ഞും പല ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു.
എൽഡിഎഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തൽ. കേരളാ കോൺഗ്രസ് എമ്മിൻ്റെ കുതിപ്പ് ഇത്തവണയും ഉണ്ടാകുമെന്നും സീറ്റ് നില വർധിപ്പിക്കാൻ ഈ വിജയങ്ങൾ കാരണമാകുമെന്ന വിലയിരുത്തലുമാണ് സിപിഎമ്മിനുള്ളത്. മൂന്ന് സീറ്റിൽ എങ്കിലും വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്കുള്ളത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയരാൻ എസ്ഐആർ നിർണായക ഘടകമായെന്ന വിലയിരുത്തലാണുള്ളത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ വോട്ട് ചെയ്യാൻ ജനം മടിയില്ലാതിറങ്ങി. എസ്ഐആറിൽ നിന്ന് പുറത്തായവരുടെ എണ്ണം ഉയർന്നതും പോളിങ് ശതമാനം ഉയരാൻ കാരണമായി. ഭരണവിരുദ്ധ തരംഗം വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ടെങ്കിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ജനം വോട്ട് ചെയ്തെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.
