സുല്‍ത്താന്‍ബത്തേരി : ബത്തേരി നഗരസഭയിലെ മുഴുവന്‍ വാര്‍ഡിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ആകെ 36 ഡിവിഷനില്‍ സിപിഎം 29 സീറ്റിലും സിപിഐ മൂന്നും കേരള കോണ്‍ഗ്രസ് എം രണ്ടും ആര്‍ജെഡിയും ജെഡിഎസും ഓരോ സീറ്റിലും മത്സരിക്കും. അദ്ധ്യക്ഷസ്ഥാനം വനിതാസംവരണമായ ഈ തെരഞ്ഞെടുപ്പില്‍ 20 വനിതകളെയാണ് ഇടതുമുന്നണി മത്സര രംഗത്തിറക്കിയിട്ടുള്ളത്.
മുന്‍ഭരണസമിതിയിലെ 12 പേര്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. നഗരസഭാദ്ധ്യക്ഷനായിരുന്ന ടി.കെ. രമേശ്, ഉപാദ്ധ്യക്ഷയായിരുന്ന എല്‍സി പൗലോസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായിരുന്ന കെ. റഷീദ്, പി.എസ്. ലിഷ, ടോം ജോസ്, ഷാമില ജുനൈസ് തുടങ്ങിയവരും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.എസ്. വിശ്വനാഥന്‍ ഇത്തവണ പൂമല ഡിവിഷനില്‍ സ്ഥാനാർത്ഥിയാണ്.
ജനറല്‍ വാര്‍ഡായ അഞ്ചില്‍ കഴിഞ്ഞ തവണത്തെ വിജയിയായ പ്രിയാ വിനോദിന് രണ്ടാമതും അവസരംനല്‍കി. കഴിഞ്ഞ തവണ ജനറല്‍ സീറ്റില്‍ വിജയിച്ച ഉപാദ്ധ്യക്ഷ എല്‍സി പൗലോസ് ഇത്തവണ വനിതാസംവരണവും നഗരസഭയുടെ അതേപേരുമുള്ള വാര്‍ഡായ 25-ല്‍ ജനവിധിതേടും.
വിദ്യാഭ്യാസവും പ്രവര്‍ത്തനപരിചയവും കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയ എല്‍ഡിഎഫ് മൂന്നാംതവണയും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വരുമെന്ന് നേതാക്കള്‍ പറഞ്ഞു. ജനക്ഷേമകരമായതും ലോകശ്രദ്ധയാകര്‍ഷിച്ചതുമായ പദ്ധതികളിലൂടെ ബത്തേരിയുടെ മുഖച്ഛായമാറ്റാന്‍ ഇടതുമുന്നണി ഭരണത്തിന് സാധിച്ചതായും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വരാജ് ട്രോഫിയുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയെടുക്കാനായെന്നും നേതാക്കള്‍ പറഞ്ഞു. മുന്നണിനേതാക്കളായ വി.വി.ബേബി, പി.ആര്‍. ജയപ്രകാശ്, ലിജോ ജോണി, കെ.ജെ. ദേവസ്യ, സലീം കട്ടയാട്, പി.ജി. സോമനാഥ്, ലക്ഷ്മണദാസ് എന്നിവര്‍ പങ്കെടുത്തു.
